top of page

Ahladan

  വിശ്വസാഹിത്യകാരന്റെ നാട്ടിൽ 1978 ൽ ഒരു കലാലയത്തിൽ തുടങ്ങിയ ഒത്തൊരുമിച്ചുള്ള  ബാല്യകൗമാരങ്ങളിലൂടെ യാത്ര 1988ൽ പലവഴിക്ക് പിരിഞ്ഞവർ തങ്ങളുടെ പ്രീയ കൂട്ടുകാരെ കണ്ടെത്തി അവരൊന്നിച്ചു കൂടിന്നതിനും ബാല്യകാലസ്മരണകൾ അയവിറക്കുന്നതിനും അവരുടെ സുഖ ദുഃഖങ്ങളിൽ പങ്കുചേരുന്നതിനും, ജീവിതമദ്ധ്യാഹ്നത്തിൽ നമ്മൾ ഒരുക്കിയെടുത്ത നന്മമുഖം- DBHS tky 88.

  വർത്തമാനകാലത്തെ നന്മമരങ്ങളുടെ "നിസ്വാർത്ഥ" സേവനങ്ങളും, അതുപോലെ "ചാരിറ്റി" യുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളും കണ്ടുംകേട്ടുംഇരിക്കുന്ന നമുക്ക്‌ എത്ര അനായാസമായും എത്രസുതാര്യമായുമാണ് നമ്മൾ നമ്മുടെ പ്രിയ സുഹൃത്തു ജിതേഷിൻറെ ചികിത്സയിൽ കൈത്താങ്ങാകാൻ കഴിഞ്ഞത്. മനസ്സിൽ സ്നേഹംസൂക്ഷികുന്ന നമ്മുടെ കൂട്ടുകാർ പലരും ഒറ്റയ്ക്കും കൂട്ടായും മുൻപും സഹായിച്ചിട്ടുണ്ട്. 

ആവശ്യമുള്ള മെഡിസിൻ എത്തിച്ചു കൊടുക്കുക എന്ന് ആഗ്രഹത്തോടെ അതിനായുള്ള പണം സ്വരൂപിക്കുകയും, അതു സ്ഥിരനിക്ഷേപമാക്കി  അത് സൊസൈറ്റിയുടെ പേരിൽ നിക്ഷേപിച്ചകൊണ്ട്, അതിന്റെ പലിശയിലൂടെ നമ്മുടെ ലക്ഷ്യം നിറവേറ്റാൻ ശ്രമിയ്ക്കുന്ന നമ്മുടെ സൊസൈറ്റിയോട് എന്റെ സന്തോഷവും, സ്നേഹവും ഞാൻ ഇതിലൂടെ പങ്കുവയ്ക്കുന്നു.
 

സൊസൈറ്റിഎന്നതിലൂടെ എന്റെ പ്രതീക്ഷ ...

      സൊസൈറ്റി യിലൂടെ "സുതാര്യമായ ചാരിറ്റി സേവനം" എന്ന ലക്ഷ്യം നടപ്പിലാക്കാനും, ഒപ്പം ഗ്രൂപ്പിന് "ശക്തമായ ഒരു അടിത്തറകൂടിയാകും" എന്നു  കരുതുന്നു. അംഗങ്ങളുടെ അഥവാ കൂട്ടുകാരുടെ അടിയന്തിര ഘട്ടങ്ങളിൽ അവർക്കൊരു സഹായമാകണം  "സൊസൈറ്റി " എന്ന് കാഴ്ചപ്പാടിനെ ഒരു "കരുതലായി" കാണുന്നു.

   തുകയുടെ വലിപ്പത്തിലല്ല പണത്തിന്റെ " മൂല്യം", അത്  വിനിയോഗിക്കുന്ന രീതിയിലാണ്, മാർഗ്ഗങ്ങളിലാണ്  എന്ന് ഞാൻ വിശ്വസിക്കുന്നു.

ഈ  ഡിജിറ്റൽ യുഗത്തിൽ ലോകത്തിന്റെ ഏതു ഭാഗത്തിരുന്നാലും സൊസൈറ്റിയുടെ  പ്രവർത്തനങ്ങൾ  നിയന്ത്രിയ്കാൻ കഴിയുമെന്നത് കൂടുതൽ പ്രതീക്ഷ നൽകുന്നു.

   നമ്മുടെ ഗ്രൂപ്പിന്റെ വളർച്ച കാണുമ്പോൾ (ഗ്രൂപ്പ്‌ ,സൊസൈറ്റി etc.....), ഇതിന്റെ രൂപീകരണത്തിൽ പങ്കുവഹിച്ച ഒരുരുത്തരെയും, അതുപോലെ  ഗ്രൂപിന്റെ പ്രവർത്തനങ്ങൾക്ക് ഊർജം പകർന്നുകൊണ്ട്  30 വർഷത്തിന് ശേഷം  ഒരു  കൂടിക്കാഴ്ചയ്ക്കു അവസരമൊരുക്കിയ ഓരോരുത്തരെയും അഭിനന്ദനം അറിയിക്കുന്നു.

   ഈ ഡിജിറ്റൽ യുഗത്തിൽ വിവരസാങ്കേതികവിദ്യയിൽ  പ്രഗൽഭ്യമുള്ളവരും, ഗ്രൂപ്പിന്റെയും ,സൊസൈറ്റിയുടെയും പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം തേടുന്നവരുമൊക്കെ നമ്മുടെ ഗ്രൂപ്പിന്റെ സമ്പത്താണ്.
എന്നു, സന്തോഷത്തോടെ, അഭിമാനത്തോടെ, നമുക്കൊത്തൊരുമിച്ചു നടക്കാമെന്ന മോഹത്തോടെ- ആഹ്ലാദൻ..

Vinod G

നമ്മളുടെ ഒന്നാം ക്ലാസ്സ്‌ മുതൽ പത്താം ക്ലാസ്സ്‌ വരെയുള്ള സ്കൂൾ ജീവിതം ഒരിയ്ക്കലും മറക്കാനാവാത്ത ഒരു അനുഭവമാണ്. 

നമ്മുടെ സ്കൂൾ ജിവിതത്തിലെ പല കാര്യങ്ങളും നമ്മൾ മറന്നുപോയിരിക്കുകയായിരുന്നു. 

എന്നാൽ JP. 88ബാച്ചിന്റെ ഒരു ഗ്രൂപ്പ്‌ ഉണ്ടാക്കുകയും അതിലൂടെ നമ്മൾ ഒത്തുചേരുകയും നമ്മൾ നമ്മളുടെ പഴയ കാലത്തിന്റെ ഓർമകളിലേക്ക് പിന്നെയും  ചെന്നെത്തിയിരിയ്ക്കുകയാണ് അതിൽ നമ്മൾക്ക് എല്ലാവർക്കും അഭിമാനിക്കാം സന്തോഷിക്കാം..

----------------------

   JP

           സ്കൂൾ ഓർമ്മകളെന്നും ഏവർക്കും ഒരു പോലെ ആയിരിക്കും ഓർക്കുവാനും താലോലിക്കുവാനും   നെഞ്ചോടു ചേർത്ത് വെക്കാനും കുറെ നല്ല മധുരിക്കുന്ന ഓർമ്മകൾ ... 

 തകഴി  ശ്രീധർമ ശാസ്താവിന്റെ കരുണാ കടാക്ഷത്താൽ അനുഗ്രഹം ചൊരിഞ്ഞ വിദ്യാലയം ആണ് dbhs തകഴി അത്  കൊണ്ട് തന്നെ ഞങ്ങളുടെ വിദ്യാലയത്തിന് പല പ്രത്യേകതകളും ഉണ്ട് ...ശാസ്താ ക്ഷേത്രത്തിലെ ഗജവീരന്മാർ പോലെ ആയിരുന്നു എന്റെ സഹപാഠികളും ക്രിസ്,  പ്രതാപൻ , പ്രിയൻ ,മോഹൻ ,ഷമീർ, മനോജ് , CG ,MR ,അനൂപ് ,പിബി ,ബിനു, ബിജു ഒപ്പം വില്ലൻ കഥാപാത്രം ആയിരുന്ന പ്രവീണും .. ഇപ്പോളത്തെ ബാഹുബലി സിനിമയിലെ  കഥാപാത്രം പോലെ ആയിരുന്നു എല്ലാവരും. ഏഴര പൊന്നാന പോലെ അര ടീം ആയിരുന്ന PS ,കുയിൽ ,രാജേഷ് പട്ടർ , സജിത്ത് ,ദിലീപ് ,വിനോദ് ,ജെമ്മാരൻ, ജോഷി അങ്ങനെ ഒരു നീണ്ട നിര വേറെയും ..

പ്രതിഭയിലെ ട്യൂഷൻ കഴിഞ്ഞാൽ പിന്നെ പടഹാരത്തേക്കു ഒരു യാത്രയാണ്,നടരാജൻ ആണ് വാഹനം.ശർമ്മമാരെ വിട്ടാൽ പിന്നെ കിളിരൂർ മനോജും പി എസ്സും, രതീഷും പോയാൽ ഞാനും മോഹനനും,മനോജും പിന്നെ പട്ടരും ആണ് മുൻപോട്ടുള്ള  നടരാജനിലെ യാത്രക്കാർ .

          മോഹനനെ ഇടിക്കുക അതാണ് ഞങ്ങളുടെ വിനോദം.  മോഹനനെ ഇടിച്ചിട്ടു  ഓടിയാൽ പിന്നെ  അണകത്ത് കടയിൽ  ചെന്നേ നിൽക്കു.മോഹനൻ ഞങ്ങളെ ഇടിച്ചാൽ അവനെ തിരിച്ചു ഇടിക്കാൻ ഞങ്ങൾ അവന്റെ സോപ്പ്കമ്പനി യുടെ തൂണിന്റെ അടുത്ത് വെയിറ്റ് ചെയ്യും. മോഹന്റെ ചേട്ടൻ കണ്ണ് ഉരുട്ടി വന്നാൽ പിന്നെ ഞങ്ങൾ പിന്നെയും  ഓട്ടം ആണ്.

പാലം കേറി കിഴക്കോട്ടുംപോകുന്ന രൂപരേഖയും വലിയ പാലം കയറി പോകുന്ന ജയശ്രീയും  പോയി കഴിഞ്ഞാൽ പിന്നെ ഉള്ള യാത്ര ഞാനും പട്ടരും മനോജും ആണ് 

ചിലപ്പോൾ BSA സൈക്കിളിൽ മുണ്ടും മടക്കി കുത്തി പോകുന്ന മധുസാർ മാത്രമേ ആ വഴി യാത്ര ഉള്ളു .. രാധ ടീച്ചർ വരാൻ ഒരു    രണ്ടു മണിക്കൂർ വൈകും വന്നാൽ

ഉച്ചത്തിൽ അന്നത്തെ മുഴുവൻ കുറ്റവും വീട്ടിൽ പറഞ്ഞു  കൊടുക്കും അല്ലെങ്കിൽ ടീച്ചർക്കു സമാധാനം ഉണ്ടാവുല്ല. എല്ലാം കഴിഞ്ഞു വൈകുന്നേരം  വിളക്കും കത്തിച്ചു പിന്നെ പഠിക്കാൻ ഇരിക്കും.

രാവിലെ രാജേഷ് പട്ടറിന്റെ സുപ്രഭാതം കേട്ടാണ് ആ നാട്ടുകാർ ഉണരുക. രാവിലെ കിടക്കയിൽ കിടന്നു കുളിക്കാൻ പല അവസരവും  എന്റെ സുഹൃത്ത് ഒരുക്കിയിട്ടുണ്ട് .. കണ്ടോ അവൻ പഠിക്കുന്നത് എന്ന് ചോദിച്ചോണ്ട്  അമ്മ വെള്ളം മുഖത്തു ഒഴിക്കും പിന്നെ തല തോർത്തി എഴുന്നേറ്റാൽ മതി ..

ഞങ്ങളുടെ പത്താം ക്ലാസ് കഴിയും വരെ ഞങ്ങളുടെ നാട്ടിൽ ആരും MS സുബ്ബലക്ഷ്മിയുടെ സുപ്രഭാതം കേട്ടിട്ടില്ല.അലങ്കാരവും വൃത്തവും ഏറ്റവും ഉച്ചത്തിൽ വായിക്കുന്ന ആളാണ് ,അത് കൊണ്ട് തന്നെ ഇടക്ക് DBHS ഗ്രൂപ്പിൽ ഇപ്പോഴും അലങ്കാരം അറിയാവുന്നവർ ഉണ്ടോ എന്ന് അവൻ ചോദിക്കാറും ഉണ്ടു. പത്താം ക്ലാസ്സിലെ റിസൾട്ട് വന്നപ്പോൾ മനസിലായി അവന് അലങ്കാരം മാത്രമേ അറിയാവുള്ളൂ എന്ന്.

ഈ പറഞ്ഞ എല്ലാ വിരുതൻമാരും പ്രതിഭയിൽ ആണ് ട്യൂഷൻ പഠിത്തം,തൊട്ടടുത്ത് ആയതു കൊണ്ട് ട്യൂഷൻ കഴിഞ്ഞാൽ എല്ലാവരും എയർപോർട്ടിൽ ചെക്കിൻ ചെയ്യുന്നപോലെ നേരത്തെ ക്ലാസ്സിൽ എത്തും . ഞാനും മനോജും പ്രകൃതി ഭംഗി ആസ്വദിച്ചും തകഴി കൊട്ടകയിൽ റിലീസ് ആകുന്ന പുതിയ സിനിമയിലെ പോസ്റ്ററും ഒക്കെ കണ്ട് ആസ്വദിച്ചേ വരൂ .. വീട്ടിൽ നിന്നും സിനിമ കാണാൻ വിടാത്തത് കൊണ്ട് സ്വന്തമായി ഞങ്ങൾ സംഭാഷണവും സംവിധാനവും ഒക്കെ നടത്തിയേ  സ്കൂളിൽ എത്തുകയുള്ളൂ. അപ്പോഴേക്കും സ്കൂളിലെ വാനമ്പാടികൾ അഖിലാണ്ഡ മണ്ഡലം ചൊല്ലി തുടങ്ങും.

 പഴയ തമിഴ് സിനിമയിലെ വില്ലൻ കഥാപാത്രമായ MN നമ്പിയാറിനെ  പോലെ ഞങ്ങളുടെ ഡ്രിൽ സർ ഒരു കയ്യിൽ ചൂരലും മറുകയ്യിൽ മുണ്ടിന്റെ തുമ്പും പിടിച്ചു കൊണ്ട് നടക്കുന്നുണ്ടാവും . സ്കൂഒളിന് 

മൂന്ന് ഗേറ്റ് ഉണ്ടെങ്കിലും എങ്ങനെ ഓടി ചെന്നാലും അദ്ദേഹത്തിന്റെ കയ്യിൽ പെടും . പിന്നെ ഉള്ളത് തോട് നീന്തിക്കടക്കുകയാണ് 

അങ്ങനെ ചെന്നാൽ ഒറ്റുകാരായ സുഹൃത്തുക്കൾ കൂടെ ഉള്ളത് കൊണ്ട് കാര്യം ഇല്ല അത് കൊണ്ട് രണ്ടും കല്പിച്ചു അദ്ദേഹത്തിന്റെ ചൂരൽകഷായത്തിൽ നിന്നും ഓരോരോ ഔൺസ്‌  കുടിച്ച് ഞങ്ങൾ ക്ലാസിൽ എത്തും. ചിലപ്പോൾ ചില പീരിയഡിൽ സാറുമ്മാർ ഇല്ലെങ്കിൽ ക്ലാസിൽ സംസാരിക്കുന്നവരുടെ പേര് എഴുതാൻ ഉള്ള ചുമതല അനൂപിന് കൊടുക്കും .. ആ സമയത്ത് ആണ് ഞങ്ങളുടെ സിനിമ കഥ തുടങ്ങുക . വരാലിനെ തെറ്റാൻ  ഉന്നം പിടിക്കുന്നത് പോലെ അനൂപിന്റെ കണ്ണുകൾ പതിക്കുക ഞങ്ങളുടെ ചുണ്ടത്ത് ആയിരിക്കും . പലപ്പോഴും ഫസ്റ്റ് prize അല്ലെങ്കിൽ സെക്കന്റ് prize ഞങ്ങൾക്ക് ആയിരിക്കും . 50 തവണ ഇമ്പോസിഷൻ അതാണ് ശിക്ഷ. അതുകൊണ്ടു തന്നെ ഏറ്റവും നല്ല  കൈ അക്ഷരം ഇന്ന് ഞങ്ങളുടേതാണ് .എന്തായാലും എല്ലാവരും പത്താം ക്ലാസ് പരീക്ഷ അടുക്കുന്നത് കൊണ്ട് നല്ലവണ്ണം പഠിക്കാൻ തീരുമാനിച്ചു.ജീവിതത്തിൽ ഏറ്റവും വലിയ turning പോയിന്റ് ആണെന്ന് പലരും പല പ്രാവശ്യം പറഞ്ഞത് കേട്ടത് കൊണ്ട് തന്നെ പഠിത്തം മാത്രം ആയിരുന്നു എപ്പോഴും . ശബരിമലക്കു മാലിടുമ്പോഴത്തെ പോലെ  വഴക്കു പറയാൻ ആരും വരാറില്ല .

അങ്ങിനെ ഒരു ദിവസം  ഇടനാഴിയിൽ ഒരു കാലൊച്ച കേട്ടു,നമ്മുടെ സ്വന്തം ഡ്രിൽ  സാറിന്റെ.  ഇടക്ക് ഇടക്ക് ആ വഴി അദ്ദേഹത്തിന്റെ ഒരു റോന്തു ചുറ്റൽ  ഉണ്ട് . ക്ലാസ്സിൽ എല്ലാവരും പഠിത്തത്തിൽ മുഴുകി ഇരിക്കുവാണ് .പെട്ടന്നാണ് ആരോ ' ഹേ ഡ്രില്ലാ 'എന്ന് വിളിച്ചതു ,ഏയ് ഓട്ടോയിലെ ഒരു കുഞ്ചൻ സ്റ്റൈലിൽ .

ഡ്രിൽ സാറിന്റെ കഷണ്ടി തലയിലെ ബാക്കി ഉള്ള മുടികൾ എല്ലാം  എഴുന്നേറ്റ് നിന്നുഎന്നിട്ടു  കണ്ണടയുടെ ഇടയിലൂടെ നോക്കി ക്ലാസ്സിലേക്ക്  എത്തി.. 

Tv അവതാരകനെ പോലെ ഞങ്ങൾ എന്തെങ്കിലും പറയുന്നതിന് മുൻപ്  അദ്ദേഹം പറഞ്ഞു ജയപ്രസാദ് ആൻഡ് മനോജ് എഴുന്നേൽക്കു ,  അന്നത്തെ നറുക്ക്   ഞങ്ങൾക്ക് വീണു, ചൂരൽമകഷായം മാത്രമല്ലായിരുന്നു , കൂടെ ഒരു ബോണസും ഉണ്ടായിരുന്നു. അങ്ങനെ  ആദ്യമായ് ഞങ്ങളെ സ്പോർട്സിൽ എടുത്തു , ജനാല  വഴി അങ്ങോട്ടും ഇങ്ങോട്ടും ചാടണം അതാണ് ശിക്ഷ .

ജീവിതത്തിൽ ആദ്യമായ് ചെയ്യാത്ത കുറ്റത്തിന് ശിക്ഷയും പേറി ഞങ്ങൾ ചാടി കൊണ്ടേ ഇരുന്നു .

ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന സത്യത്തെ ഉൾക്കൊണ്ട് ഞാൻ നീണ്ട പത്തിരുപതു വർഷത്തിന് ശേഷം വീണ്ടും ഈ groupil ലൂടെ ചോദിക്കുകയാണ് ആരാണ് ആ ഡ്രില്ലാ.. എന്ന് വിളിച്ചത് മണിച്ചിത്രതാഴിലെ ഡയലോഗ് പോലെ ..... ശ്രീദേവിയിൽ കുറ്റം ആരോപിക്കപെടുമ്പോളും മാടമ്പള്ളിയിലെ യഥാർത്ഥ കുറ്റവാളി സന്തോഷിക്കുകയായിരുന്നു .. ആ കുറ്റവാളി ആരെന്നു  ഇപ്പോളെങ്കിലും  പറയാൻ  ഉള്ള സന്മനസ്  എന്റെ  സുഹൃത്തുക്കളിൽ ആർക്കെങ്കിലും ഉണ്ടാകും  എന്ന വിശ്വാസത്തൊടെ 

 

സസ്നേഹം ജെപി തകഴി.

Screenshot 2019-12-12 at 10.34.58 AM.png

Anoop

രംഗം ഒന്ന്- പണ്ടാരക്കീറ്റിലെ മാമാങ്കം..!!

 

         വൈകിട്ട് വീടെത്തി, പുസ്തകക്കെട്ടുകൾ മേശപ്പുറത്തിട്ട് ഒറ്റയോട്ടമായിരുന്നു- ക്രിക്കറ്റിന്റെ മാമാങ്കം നടക്കുന്ന പണ്ടാരക്കീറ്റ് പറമ്പിലേക്ക്..

ബിന്ദുക്കുട്ടീടെ വീടിന്റെ പുറകിലൂടെ 'ബ്രൂം ബ്രൂമെന്നു' ശബ്ദം വച്ച് വളവിൽ 'കീ, കീ' എന്ന് ഹോണും മുഴക്കി സ്വയം പച്ച നിറത്തിലുള്ള തിരുവനന്തപുരം സൂപ്പർ എക്സ്പ്രസ്സ് ആയി അവതരിച്ചു ശരീരം പായുമ്പോൾ, മനസ്സിൽ ആവാഹിച്ചിരുന്നത് ആ കർച്ചീഫു ഷർട്ടിന്റെ കോളറിന് ചുറ്റും വിരിച്ച, മീശത്തലപ്പ്‌ രണ്ടും അല്പം മുകളിലേക്ക് ഉയർത്തിവച്ച് വണ്ടിയോടിക്കുന്ന ഡ്രൈവർ അയ്യപ്പൻ ചേട്ടനെയായിരുന്നു. 

    സകല ഡ്രൈവിങ് പാടവങ്ങളും പുറത്തെടുത്തു, ചെടികളെ വകഞ്ഞൊതുക്കി, കുളത്തിന്റെ വക്കത്തൂടെ അതീവ മെയ്വഴക്കത്തോടെ കുതിച്ചു കിതച്ചു പണ്ടാരക്കീറ്റിലെത്തി 'വണ്ടി' വളച്ചു, റിവേഴ്സെടുത്തു നിറുത്തി നോക്കുമ്പോഴോ, പ്രിയലാലും, ക്രിസ്സും, രാജപ്പൻ സാറിന്റെ മകൻ അനിലും കൂട്ടരും എല്ലാം ക്രിക്കറ്റ് കളി ആരംഭിക്കാനുള്ള  തന്ത്രങ്ങൾ മെനയുന്ന തിരക്കിലും.. ഒന്നാമത്തെ ആളൽ അവിടെ തുടങ്ങി- മ്മള് ടീമിലൊണ്ടോ എന്നത്...? പിന്നെ പ്രിയനും ഞാനും തമ്മിൽ ഉള്ള ഒരു ഊഷ്മളമായ ഒരു അന്തർധാര അന്നുമിന്നും സജീവമായതിനാൽ അവനുണ്ടെങ്കിൽ അവന്റെ ടീമിൽ തന്നെ, അപ്പോഴും, ഇപ്പോഴും ക്രിക്കറ്റിന്റെ കെമിസ്ട്രി മനസ്സിലാകാത്ത ഞാൻ ഒരു ബാധ്യതയാണെങ്കിലും, മ്മളെ തിരുകിക്കയറ്റിയിരിക്കും. അവനില്ലെങ്കിലാണ് കെണി.. പറമ്പു കാർന്നോമ്മാരുടെ 'ആധാരത്തിൽ പെട്ടതിന്റെ സാങ്കത്യങ്ങൾ' വിവരിച്ചു ടീമിലെ സ്ഥാനം വിലപേശി വാങ്ങണം, പിന്നെ ഫസ്റ്റ് ബാറ്റിങ്ങും...!! എതിരഭിപ്രായങ്ങൾ ഒന്നും പൊതുവെ കേൾക്കാറില്ല, കാരണം ഏറിയാൽ ഒന്നോ രണ്ടോ ബോൾ മതിയാകുമെന്നു എല്ലാർക്കും അറിയാമായിരുന്നു..!! ആ ഒന്നോ രണ്ടോ പന്തിൽ 'കുറ്റി പറന്നു', പണയപ്പെടുത്തിയ ആത്മാഭിമാനത്തോടെ മുഖം താഴ്ത്തി 'മടൽ' ബാറ്റ് അടുത്ത സുഹൃത്തിനു കൈമാറുന്നത് ഒരൊന്നൊന്നര രംഗം തന്നെ..!

      അതുകഴിഞ്ഞു എതിർടീമിലും അംഗങ്ങൾ കുറവായതിനാൽ ഫീൽഡിങ്ങിലേക്കുള്ള നിയോഗമായി, ഏതെങ്കിലും മരത്തിന്റെ മറവുപറ്റി, അൽപനേരം ചാഞ്ഞും ചെരിഞ്ഞും നിന്ന്, പിന്നീട് ഇരുന്നു നേരം കളയും. ബോളിംഗിനു വിളിച്ചാലോ, എന്തെങ്കിലും ഉടക്ക് പറഞ്ഞു, 'പച്ച സൂപ്പർ എക്സ്പ്രസ്സ് വണ്ടിയിൽ' കയറി തിരികെ ഇല്ലം പൂകും... 

ഇനിയൊരോർമ്മയുമായി വീണ്ടും വരുംവരേയ്ക്കും വണക്കം...!!

Screenshot 2019-12-13 at 7.49.22 AM.png

Anish Nair

30 വർഷങ്ങള്ക്കു ശേഷം പലവഴിക്കായി പിരിഞ്ഞ സതീർത്ഥ്യർ വീണ്ടും ഇവിടെ ഒത്തുകൂടുന്നു, ഗൃഹാതുരത്വം തുളുമ്പുന്ന ആ ഓർമകളിൽ ഈ ഗ്രൂപ്പിന്റെയും, സൊസൈറ്റിയുടെയും ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട്. ജീവിതത്തിന്റെ ഏതാണ്ട് പകുതി ഭാഗം പിന്നിടുന്ന ഈ വേളയിൽ പഴയ സതീർത്ഥ്യരോടൊപ്പം ചേരാനും, അതിന്റെ ഭാഗമായുള്ള സൽക്കർമ്മങ്ങൾക്കു പിന്തുണയേകാനും കഴിയുന്നതിൽ സന്തോഷം... 

പ്രിയ കൂട്ടുകാർക്കു എല്ലാവിധ ആശംസകളും അറിയിക്കുന്നു.

bottom of page