Our Jithesh

ഒരു വ്യക്തിയുടെ ഗുരുതരമായ ശാരീരിക തളർച്ച അവനെ മാത്രമല്ലാ അവന്റെ കുടുംബത്തെയാകെ ഉലയ്ക്കും. തന്റെ തണൽ പറ്റി നിൽക്കാൻ, രോഗാവസ്ഥമൂലം തന്റെ പതിപ്പുകളെ നല്കാനാവാതെ, താൻ കൈപിടിച്ചു തന്റെ ജീവിതത്തിലേക്കാനയിച്ച നല്ല പാതിയും കൂടെയുണ്ടെങ്കിൽ അതത്യന്തം വിഷമകരം തന്നെ.. ജരാനരകൾ ഏറ്റുവാങ്ങി സ്വന്തം യൗവ്വനം പിതാവായ യയാതിക്ക് നൽകിയ പുരു എന്ന മകനെ ഒരു പിതാവും പ്രതീക്ഷിക്കില്ലെങ്കിലും, വാർദ്ധക്യത്തിൽ ഒരു കൈത്താങ്ങാവുമെന്ന പ്രതീക്ഷകൾ തകരുന്നതറിയുന്ന പിതാവിന്റെ തേങ്ങലുകൾ..
അതാണ് ഞങ്ങളുടെ ജിതേഷിന്റെ കഥ.. ചലനശേഷിയും, സംസാരശേഷിയും കുറഞ്ഞ അവസ്ഥയെങ്കിലും, എല്ലാം കാണാനും, കേൾക്കാനും, മനസ്സിലാക്കാനും ഉള്ള കഴിവ് സർവേശ്വരൻ തിരികെയെടുക്കാഞ്ഞത് അവനെയും, അവന്റെ കുടുംബാങ്ങങ്ങളെയും തെല്ലൊന്നുമല്ല സമാശ്വസിപ്പിച്ചത്. ഒരുപാട് നല്ല മാറ്റങ്ങൾ അവനിൽ കണ്ടുതുടങ്ങിയിരിക്കുന്നു, ശുഭാപ്തിവിശ്വാസത്തോടെ അവനോടൊപ്പം, കുടുംബാങ്ങങ്ങളോടൊപ്പം ഞങ്ങളും..
നല്ലവരായ സുഹൃത്തുക്കൾക്ക് ഈ കൂട്ടായ്മയോടെ ചെയ്യാനായ ഏറ്റവും സന്തോഷം പകർന്ന ദിനങ്ങളായിരുന്നു ആ ഓഗസ്റ്റ്/ സെപ്റ്റംബർ മാസങ്ങളിലേതു.
ഈ കൂട്ടായ്മയുടെ സഹജീവിസ്നേഹം തെളിയിക്കുന്ന കൂട്ടുകാർ ചേർന്ന് 2,50,000/- രൂപ പിരിച്ചു ഫിക്സഡ് ഡിപ്പോസിറ്റാക്കി മാറ്റി, അതിന്റെ പലിശയാൽ അവനുള്ള ഓരോ മാസത്തേക്കുള്ള മരുന്നുകൾ അതാതുമാസം ജിതേഷിന്റെ വീട്ടിൽ എത്തിക്കാൻ ഗ്രൂപ്പ് തീരുമാനിച്ചു.
അങ്ങനെ 2019 സെപ്റ്റംബർ 30 നു അമ്പലപ്പുഴ ISAF ബാങ്കിൽ FD ഇടുകയും, മരുന്നുകൾ എല്ലാ മാസവും 28 /29 നു തകഴിയിലുള്ള നല്ല സുഹൃത്തുക്കൾ ചേർന്ന് എത്തിച്ചുകൊടുക്കുകയും ചെയ്തുപോരുന്നു.
കൂടാതെ, നമ്മൾ സൊസൈറ്റിയായതിനു ശേഷം ഇരുപതു ശതമാനത്തോളം ഡിസ്‌കൗണ്ടിൽ ജിതേഷിന് മരുന്ന് നൽകാൻ തയ്യാറായ അമ്പലപ്പുഴയിലെ MEDICAL POINT എന്ന സ്ഥാപനത്തെയും, ഉടമയായ നൗഷാദ് ഇക്കയെയും, വളരെ സൗഹൃദം പുലർത്തുന്ന സ്റ്റാഫിനെയും ഇത്തരുണത്തിൽ അകമഴിഞ്ഞ് അഭിനന്ദിക്കുന്നു.